Monday, December 6, 2010

റാക്കറ്റിന്റെ പിടിയിലാണ് പിഎസ്‌സി

ചോദ്യങ്ങളില്‍ ചില തെറ്റുകള്‍ വരുത്തുക, റാങ്ക് ലിസ്റ്റുകള്‍ വച്ചുതാമസിപ്പിക്കുക, റാങ്ക് ലിസ്റ്റുകളില്‍ ചെറിയ ക്രമക്കേടുകള്‍ നടത്തുക, റാങ്ക് ലിസ്റ്റുകള്‍ റദ്ദാക്കുക തുടങ്ങിയ ആരോപണങ്ങള്‍ നേരത്തെതന്നെ പിഎസ്‌സിക്കെതിരെ ഉണ്ടായിരുന്നുവെങ്കിലും യോഗ്യതയില്ലാത്തവര്‍ക്ക് ജോലി തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റിന്റെ പിടിയിലാണ് പിഎസ്‌സി എന്നറിയുന്നത് ഉദ്യോഗാര്‍ത്ഥികളില്‍ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
വയനാട് ജില്ലയില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് എട്ടുപേരോളം സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചതായി കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നില്‍ വന്‍ റാക്കറ്റ് ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഈ റാക്കറ്റിന് സിപിഐയുമായി ബന്ധമുണ്ടെന്നതാണ് പ്രശ്നങ്ങളെ കൂടുതല്‍ ഗുരുതരമാക്കുന്നത്.
റവന്യു ഡിപ്പാര്‍ട്ട്മെന്റ് കൈകാര്യം ചെയ്യുന്ന സിപിഐയുടെ നേതാക്കന്മാരുടെ മൗനാനുവാദത്തോടെയാണ് ഈ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതെന്ന് സൂചനകളുണ്ട്. സിപിഐയുടെ നിയന്ത്രണത്തിലുള്ള ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഈ അട്ടിമറികള്‍ നടന്നതെന്നാണ് വയനാട് കലക്ട്രേറ്റിലെ ജീവനക്കാര്‍ പറയുന്നത്.
രണ്ട് വര്‍ഷംമുമ്പുവരെ സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ എന്‍ജിഒ യൂണിയനാണ് നിയമനങ്ങള്‍ നടത്തുന്നതിലെ നിര്‍ണ്ണായക പോസ്റ്റായ ട്രാന്‍സ്ഫര്‍ ആന്‍ഡ് പ്രൊമോഷന്‍ കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ രണ്ടുവര്‍ഷംമുമ്പ് സിപിഐ ഈ പോസ്റ്റ് ബലമായി കരസ്ഥമാക്കുകയായിരുന്നു.
പുതിയ ജീവനക്കാരന്‍ ചാര്‍ജെടുക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുക, സര്‍വ്വീസ് ബുക്ക് ഓപ്പണ്‍ ചെയ്യുക, പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് പരിശോധിക്കുക തുടങ്ങിയ നിര്‍ണ്ണായക കാര്യങ്ങളെല്ലാം ചെയ്യേണ്ട പോസ്റ്റാണ് സിപിഐ ബലമായി കൈക്കലാക്കിയത്. സിപിഐ ഈ പോസ്റ്റ് കരസ്ഥമാക്കിയശേഷമാണ് നിയമനത്തട്ടിപ്പ് നടന്നിരിക്കുന്നത്.
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ ജോസ്‌പ്രകാശിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്നും വയനാട് കലക്ട്രേറ്റിലെ ജീവനക്കാര്‍ ആരോപിക്കുന്നു. തട്ടിപ്പ് നടത്തുന്നതിനായി തിരുവനന്തപുരം സ്വദേശിയായ അഭിലാഷ് എസ് പിള്ളയെ വയനാട്ടിലേക്ക് സ്ഥലംമാറ്റിയതും പി ആര്‍ ജോസ്‌പ്രകാശ് മുന്‍കൈ എടുത്താണെന്നും ആരോപണം ഉയരുന്നു. എല്‍ഡി ക്ലര്‍ക്കായിരുന്ന അഭിലാഷ് എസ് പിള്ളയ്ക്ക് യുഡി ക്ലര്‍ക്കായി സ്ഥാനക്കയറ്റം നല്‍കിയാണ് വയനാട്ടിലേക്ക് കൊണ്ടുവന്നത്. ഏഴ് മാസം മുമ്പ് അഭിലാഷ് എസ് പിള്ളയ്ക്ക് നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചുവെങ്കിലും അത് പി ജോസ്‌പ്രകാശ് ഇടപെട്ട് തടയുകയായിരുന്നുവെന്നും ജീവനക്കാര്‍ പറയുന്നു.
നിയമനത്തട്ടിപ്പില്‍ ജോലി ലഭിച്ച എട്ടുപേരില്‍ ആറുപേരും ജോസ്‌പ്രകാശിന്റെ നാട്ടുകാരാണെന്നും അതില്‍നിന്നുതന്നെ ജോയിന്റ് കൗണ്‍സിലിന്റെ പങ്ക് വ്യക്തമാണെന്നും കലക്ട്രേറ്റിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. നിയമനം ലഭിച്ചവരില്‍ ഒരാള്‍ അഭിലാഷ് എസ് പിള്ളയുടെ നാട്ടുകാരനാണ്. തട്ടിപ്പിലൂടെ ജോലി ലഭിച്ച സ്ത്രീയുടെ ഗള്‍ഫിലുള്ള ഭര്‍ത്താവിന് ജോസ്‌പ്രകാശിന്റെ നാട്ടുകാരന്‍ വഴിയാണ് ഇത് ലഭിച്ചതെന്നും സൂചനകളുണ്ട്.
നിയമനത്തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞപ്പോള്‍തന്നെ പോലീസില്‍ അറിയിക്കാതെ അഭിലാഷ് എസ് പിള്ളയെ രക്ഷപ്പെടാന്‍ അനുവദിച്ചതിന് പിന്നിലും റവന്യു ഡിപ്പാര്‍ട്ട്മെന്റിലെ ഉന്നതരുണ്ടെന്നും ആരോപണമുയരുന്നു. ജോയിന്റ് കൗണ്‍സില്‍ അംഗങ്ങള്‍ തട്ടിപ്പില്‍ കൂട്ടുനിന്നിട്ടില്ലെന്നാണ് സിപിഐ നേതാക്കന്മാര്‍ പറയുന്നതെങ്കിലും ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുന്ന അഭിലാഷ് എസ് പിള്ള ജോയിന്റ് കൗണ്‍സിലിന്റെ വയനാട് ജില്ലാ കമ്മറ്റി മെംബറാണ്.